വയനാട്: വനവാസി യുവതി ഒരു വർഷത്തോളം പീഡനത്തിനിരയായതായി പരാതി. തിരുനെല്ലി സ്വദേശിയായ 43 കാരിയാണ് പൊലിസിൽ പരാതി നൽകിയത്. കാത്തിക്കുളം സ്വദേശി വർഗീസിനെതിരെയാണ് യുവതി പരാതി നൽകിയത്. വിശ്വാസം മറയാക്കി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.
മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇവർ. ഇത് മുതലെടുത്ത് അസുഖം മാറ്റി തരാമെന്ന് പറഞ്ഞാണ് വർഗീസ് ഇവരെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷത്തോളം വർഗീസ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പറയുന്നു.
പീഡനം എതിർത്തപ്പോൾ തന്നെ മർദ്ദിക്കുകയും കഴുത്തിന് കുത്തിപിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. തിരുനെല്ലി പൊലീസിനാണ് യുവതി പരാതി നൽകിയത്. മാനന്തവാടി ഡിവൈഎസ്പിക്കും പരാതി നൽകിയേക്കും. ഇതിന് മുമ്പും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ പൊലീസ് പിന്നീട് ഒത്തുതീർപ്പാക്കുകയുമാണ് ചെയ്തത്.
വിവരം പുറത്തറിയിച്ചാൽ കുടുംബത്തെ കൊല്ലുമെന്ന് വർഗീസ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്നും 40,000 ഇയാൾ വാങ്ങിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.















