വിവാഹിതനായെന്ന കാര്യം ഇന്നലെയാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്ര പ്രഖ്യാപിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏറെ രഹസ്യമായാണ് വിവാഹം നടത്തിയത്. മാദ്ധ്യമങ്ങളടക്കം ഒരാൾ പോലും വിവരങ്ങളൊന്നും അറിഞ്ഞതുമില്ല. ചടങ്ങുകൾ കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷമാണ് നീരജ് വാർത്ത പരസ്യമാക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 50 പേർ പങ്കെടുത്ത ചടങ്ങ് നടന്നത് ഹിമാചൽ പ്രദേശിലെന്നാണ് വിവരം. ഇതിന് ശേഷം ഇരുവരും ഹണിമൂണിനായി വിദേശത്തേക്ക് പോയെന്നാണ് സൂചന. ആരാണ് നീരജിന്റെ മനംകവർന്ന ഹിമാനി മോർ എന്ന ചർച്ചകളും പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ആരംഭിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ തന്നെ ഇതിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
സോനിപത്തിൽ നിന്നുള്ള ടെന്നീസ് താരമാണ് 25-കാരിയായ ഹിമാനി മോർ. ലിറ്റിൽ ഏജൽസ് സ്കൂളിലായിരുന്നു പഠനം. ഇപ്പോൾ ന്യൂ ഹാംഷെയർ ഫ്രാങ്ക്ളിൻ പിയേഴ്സ് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് മാനേജ്മെന്റിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് ഹിമാനി. ഡൽഹി മിറാൻഡ ഹൗസിലായിരുന്നു പാെളിറ്റിക്കൽ സൻസ് ആൻഡ് ഫിസിക്കൽ എജ്യൂക്കേഷനിൽ ബിരുദമെടുത്തത്. ഹിമാനിയുടെ സഹോദരൻ ഹിമാൻഷുവും ടെന്നീസ് താരമാണ്. 2017-ൽ തായ്പേയിൽ നടന്ന ലോക യൂണിവേഴ്സിറ്റി മത്സരത്തിൽ ഡൽഹി യൂണിവേഴ്സിറ്റിക്കായി ഹിമാനി മത്സരിച്ചിട്ടുണ്ട്. 2016-ൽ മലേഷ്യയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. ഹിമാനിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് 42( സിംഗിൾസ്) 27( ഡബിൾസ്).