പ്രയാഗ്‌രാജ്: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ താത്കാലിക തൊഴിലവസരങ്ങൾക്കും സാമ്പത്തിക വളർച്ചയ്‌ക്കുമുള്ള ശക്തികേന്ദ്രമായി മാറുകയാണ് മഹാകുംഭമേള.
ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്‌സ്, ആരോഗ്യമേഖല, ഐടി, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾ പ്രയാഗ്‌രാജിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും വാണിജ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ആഗോള സാങ്കേതികവിദ്യയും ഡിജിറ്റൽ ടാലൻ്റ് സൊല്യൂഷൻ പ്രൊവൈഡറുമായ NLB സർവീസസിന്റെ റിപ്പോർട്ട് അനുസരിച്ച് ആത്മീയതയ്‌ക്കൊപ്പം തന്നെ ഈ വിശുദ്ധമായ സംഗമം സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒരു ചാലകമായും രൂപാന്തരപ്പെടും.
ഇത്തവണ മഹാകുംഭമേളയ്‌ക്ക് 40 കോടി ഭക്തരെങ്കിലും പ്രയാഗ്‌രാജിലെത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടിസ്ഥാന സൗകര്യ വികസനം, ഇവൻ്റ് മാനേജ്‌മെൻ്റ്, സുരക്ഷാ സേവനങ്ങൾ, പ്രാദേശിക വ്യാപാരം, വിനോദസഞ്ചാരം, വിനോദം, ഹോർട്ടികൾച്ചർ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങൾക്ക് ആവശ്യമായ ഉത്തേജനം ലഭിക്കാൻ ഇത് സഹായിക്കും. ഹോട്ടൽ സ്റ്റാഫ്, ടൂർ ഗൈഡുകൾ, പോർട്ടർമാർ, ട്രാവൽ കൺസൾട്ടൻ്റുകൾ, കോർഡിനേറ്റർമാർ തുടങ്ങി ടൂറിസം മേഖലയിൽ മാത്രം 4.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ ഡ്രൈവർമാർ, സപ്ലൈ ചെയിൻ മാനേജർമാർ, കൊറിയർ ഉദ്യോഗസ്ഥർ, മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ എന്നീ ആവശ്യകതകൾ മൂന്ന് ലക്ഷം പേർക്ക് താൽക്കാലിക തൊഴിൽ നൽകും. ആരോഗ്യപരിപാലന മേഖലയിലും 1.5 ലക്ഷത്തോളം അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഐടി, ടെക്‌നോളജി മേഖല തൊഴിലവസരങ്ങളുടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വെർച്വൽ ദർശൻ ആപ്പുകൾ, തത്സമയ ഇവൻ്റ് അപ്‌ഡേറ്റ് ആപ്ലിക്കേഷനുകൾ, തടസമില്ലാതെ ഡിജിറ്റൽ സേവനങ്ങൾ, സൈബർ സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് രണ്ട് ലക്ഷം പ്രൊഫഷണലുകളെയാണ് നിയോഗിച്ചിരിക്കുന്നത്.