മാർക്കോയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ടെന്ന് നടൻ റിയാസ് ഖാൻ. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്ന് ഒഴിവായതിൽ വലിയ സങ്കടമുണ്ടെന്നും പക്ഷേ, സംവിധായകനെ താൻ ബഹുമാനിക്കുന്നുവെന്നും റിയാസ് ഖാൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.
“എന്റെയും ഉണ്ണിയുടെയും വലിയൊരു ഭാഗം ഷൂട്ട് ചെയ്തത് വെറെ ഗെറ്റപ്പിലാണ്. അത് മുഴുവനും ചിത്രത്തിലില്ല. ആ ഭാഗത്ത് മുഴുവനും ഞാനുണ്ടായിരുന്നു. പ്രേക്ഷകർ കണ്ട മാർക്കോയിലെ ലുക്കൊന്നും അല്ലായിരുന്നു ഞാൻ ചെയ്ത സീനുകളിൽ ഉണ്ടായിരുന്നത്. മേക്കോവർ വ്യത്യസ്തമായിരുന്നു. ഹനീഫ് എന്നെ വിളിച്ചു. ഇക്കാ മനപൂർവ്വം അല്ലെന്ന് പറഞ്ഞു. സംവിധായകന്റെ തീരുമാനമാണ് എല്ലാമെന്ന് ഞാൻ പറഞ്ഞു. സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു”.
“പുതിയ നടനാണെങ്കിലും പഴയ നടനാണെങ്കിലും സ്ക്രീനിൽ നമ്മളെ കാണണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതും ഇത്രവലിയ വിജയമായ സിനിമ. മാർക്കോയെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. വലിയ ഹിറ്റ് പടത്തിൽ നിന്ന് പുറത്തുപോകുമ്പോൾ വിഷമമുണ്ട്. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന പടത്തിൽ ഞാനുണ്ട്, പക്ഷേ ഇല്ല. ഒരുപാട് പേർ എന്നോട് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷേ ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല”.
“ഉണ്ണിയാണ് എന്നെ വിളിച്ചത്. ഇക്ക ഇത് ചെയതുതരണം എന്ന് എന്നോട് പറഞ്ഞു. നമ്മൾ രണ്ടുപേരും മാത്രമാണ് ഉള്ളതെന്നും ഉണ്ണി എന്നോട് പറഞ്ഞിരുന്നു. രണ്ട് പേരും കട്ടയ്‌ക്ക് കട്ടയ്‌ക്ക് നിൽക്കുന്ന ഫൈറ്റ് സീനായിരുന്നു അത്. സങ്കൽപ്പമാണ് സിനിമ. അതിൽ മനപൂർവ്വം ആരും ഒന്നും ചെയ്യുന്നില്ല. മനപൂർവ്വം വേണ്ടായെന്ന് വിചാരിച്ചാലും ഒരു കുഴപ്പവുമില്ല. നമ്മുടെ വളർച്ചയ്‌ക്ക് തടസം നിൽക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. നമുടെ മനസിൽ ഒരു വിഷ്വലുണ്ട്. അത് നൂറ് പേരുടെ അടുത്തിരുന്ന് കാണാൻ ഒരു ആഗ്രഹമുണ്ടാവും. അത് എപ്പോഴും അങ്ങനെ തന്നെയുണ്ടാകും. ഉണ്ണിക്ക് എന്നെ വർഷങ്ങളോളം അറിയാം. ഉണ്ണിയുടെ എല്ലാ വളർച്ചയും കണ്ടവനാണ് താനെന്നും” റിയാസ് ഖാൻ പറഞ്ഞു.















