തായ്പേയ്: തായ്വാനിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് ഭൂകമ്പമുണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു. 27 പേർക്ക് പരിക്കേറ്റതായാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ദക്ഷിണ തായ്വാനിലെ മാംഗോ-ഗ്രോയിംഗിലുള്ള യൂജിംഗിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. നാൻക്സി ജില്ലയിൽ വീട് തകർന്ന് വീണതിനെ തുടർന്ന് അകത്ത് കുടുങ്ങിയ കുടുംബത്തെ ദൗത്യസംഘം രക്ഷപ്പെടുത്തി. കൈക്കുഞ്ഞ് അടക്കം മൂന്ന് പേരെയാണ് പുറത്തെടുത്തത്. നാൻക്സി ജില്ലയിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തായ്വാനിലെ പ്രമുഖ ചിപ് നിർമാതാക്കളായ TSMCയുടെ വിവിധ ഫാക്ടറികളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഭൂചലനത്തെ തുടർന്ന് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ എക്സിലൂടെ പുറത്തുവന്നിട്ടുണ്ട്.
ലോകത്ത് ഭൂചലനസാധ്യത ഏറ്റവുമധികമുള്ള പ്രദേശങ്ങളിലൊന്നാണ് തായ്വാൻ. ചെറുതും വലുതുമായ ഭൂചലനങ്ങൾ ഇവിടെ പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്. 2024 ഏപ്രിലിലുണ്ടായ ഭൂകമ്പത്തിൽ 17 പേർ മരിച്ചിരുന്നു. 25 വർഷത്തിനിടെ തായ്വാനിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഭൂചലനമായിരുന്നു അത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉരുൾപൊട്ടലിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. 1999ൽ തായ്വാനിലുണ്ടായ ഭൂകമ്പമാണ് ചരിത്രത്തിലെ ഏറ്റവും വലുത്. 7.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തെ തുടർന്ന് 2,400 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.