ആലപ്പുഴ : രണ്ടു മാസങ്ങൾക്കു മുൻപ് അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട: ബി എസ് എഫ് സബ് ഇൻസ്പെക്ടർ മരിച്ചു. തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുകുളം തെക്കേ പുത്തൻ കണ്ടത്തിൽ ശിവാനന്ദനാണ് ഇന്നലെ മരിച്ചത്.
അബോധാവസ്ഥയിലായിരുന്ന ശിവാനന്ദനെ ഇടിച്ച വാഹനം രണ്ടു മാസങ്ങൾക്ക് ശേഷവും പോലീസിന് കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വാഹനം കണ്ടെത്താൻ സാധിക്കുമെന്നിരിക്കെ പോലീസ് അനാസ്ഥ തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
2024 നവംബർ 18ന് വൈകിട്ട് ആറരയോടെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ കുരിശുംമൂട് ജംഗ്ഷനിൽ ആയിരുന്നു അപകടം. ശിവാനന്ദൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ നിന്ന് അതേ ദിശയിൽ വന്ന കാർ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
വീട്ടുകാരും ബന്ധുക്കളും തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു അന്വേഷണവും നടന്നില്ല. 30 ദിവസം കഴിഞ്ഞാൽ സിസിടിവി ദൃശ്യം ലഭ്യമാകില്ലെന്ന് ബന്ധുക്കൾ അറിയിച്ചപ്പോൾ മാത്രമാണ് പോലീസിന് അനക്കം വച്ചത്. ഈ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി പെൻഡ്രൈവും ചില ഇലക്ട്രോണിക് സാമഗ്രികളും കുടുംബാംഗങ്ങളെ കൊണ്ട് വാങ്ങിപ്പിച്ചു. എന്നാൽ പോലീസന്വേഷണത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകി. എന്നാൽ ഡിവൈഎസ്പി ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ശിവാനന്ദന്റെ ശിരസ്സിൽ രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞിരുന്നു. അതിനിടെ ഇന്നലെ അദ്ദേഹം മരിക്കുകയായിരുന്നു. അന്വേഷണത്തിൽ കടുത്ത അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
റിട്ട: ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുതുകുളം തെക്ക് പുത്തൻ കണ്ടത്തിൽ ശിവാനന്ദനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം എത്രയും വേഗം കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ബിജെപി കാർത്തികപ്പള്ളി മണ്ഡലം പ്രസിഡണ്ട് എം മഹേഷ് കുമാർ ആവശ്യപ്പെട്ടു.പോലീസിന്റെ ഇടപെടൽ ദുരൂഹത നിറഞ്ഞതാണ്.അപകടം നടന്ന ദിവസത്തെ മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചു വാഹനം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുുവരണമെന്നും, ബി എസ് എഫിലെ ഈ റിട്ടയേർഡ് സബ്ഇൻസ്പക്ടർക്കും കുടുംബത്തിനും നീതി നിക്ഷേധിച്ചാൽ ബി ജെ പി കാർത്തികപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നു മണ്ഡലം പ്രസിഡൻ്റ് എം മഹേഷ് കുമാർ പറഞ്ഞു.















