കാസർക്കോട്: അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങി അന്വേഷണ സംഘം. ഗൂഢാലോചനയിൽ പങ്കാളികളായവരെയാണ് പ്രതി ചേർക്കുന്നത്. ‘പാത്തൂട്ടി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് തട്ടിപ്പ് സംഘം ആശയവിനിമയം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രവാസി സംരംഭകനെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണ്ണം കവരുകയും ചെയ്ത കേസിൽ അറബി മന്ത്രവാദിനി ജിന്നുമ്മയെന്ന ഷമീമ, ഭർത്താവ് ഉവൈസ്, ജിന്നുമ്മയുടെ സഹായികളായ അഫ്സിബ, ആയിഷ എന്നവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
പാത്തൂട്ടി എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ജിന്നുമ്മ ഫോണിൽ നിന്ന് ഡീലിറ്റ് ചെയ്ത സന്ദേശങ്ങളും ചിത്രങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഗൾഫിലേക്ക് കടന്ന മൗവ്വൽ സ്വദേശി ഉവൈസാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ. എട്ട് പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.
ഗൾഫിലായിരുന്ന അബ്ദുൽ ഗഫൂർ ഹാജിയെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞാണ് ജിന്നുമ്മ നാട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇത് സംബന്ധിച്ച ചാറ്റുകളും ഫോണിൽ കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ അറബിമന്ത്രവാദം നടത്തുമ്പേോൾ നൽകുന്ന തകടുകൾ ബംഗളൂരുവിൽ നിന്ന് വലിയ തോതിൽ വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. അന്നുതന്നെ മൃതദേഹം ഖബറടക്കി. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്‌പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.















