മനുഷ്യരുടേതിന് സമാനമായ പ്രണയബന്ധങ്ങളാണ് പെൻഗ്വിനുകളുടേതെന്ന് കണ്ടെത്തി പഠനങ്ങൾ. ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ 37,000 ഓളം പേരടങ്ങുന്ന പെൻഗ്വിൻ കോളനിയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനത്തിൽ പെൻഗ്വിനുകളുടെ 13 ബ്രീഡിംഗ് സീസണുകളാണ് നിരീക്ഷിക്കപ്പെട്ടത്. പെൻഗ്വിനുകളുടെ കോളനിയിൽ ‘വിവാഹമോചനം’ താരതമ്യേന കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
ഇണചേരൽ കാലത്തുണ്ടാകുന്ന പ്രശ്‍നങ്ങളാണ് ഇത്തരം വേർപിരിയലുകളിലേയ്‌ക്ക് നയിക്കുന്നത്. ‘വൈഫ് സ്വാപ്പിങ്'(ഇണ അറിയാതെ പുതിയ പങ്കാളിയുമായി ബന്ധം സ്ഥാപിക്കുന്നു) പോലുള്ള വഞ്ചനകൾ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു. എന്നാൽ വിവാഹമോചനങ്ങളാണ് ഇവരുടെ കോളനിയുടെ വംശവർദ്ധനവിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തൽ.
ഓരോ ബ്രീഡിങ് സീസണിലും പുതിയ പങ്കാളിയെ കണ്ടെത്തുന്നവരും പെൻഗ്വിനുകൾക്കിടയിലുണ്ട്. ആയിരത്തോളം ജോഡികളിൽ നടത്തിയ പഠനത്തിൽ പത്തുവർഷത്തിനുള്ളിൽ 250 ‘വിവാഹമോചനങ്ങൾ’ ഉണ്ടായതായി കണ്ടെത്തി. മറ്റുചിലർ വിധവകളായി (ഇണയില്ലാതെ) കഴിയുന്നുമുണ്ട്.
വിവാഹമോചനം പെൻഗ്വിനുകൾക്ക് ഉയർന്ന പ്രത്യുല്പാദന ശേഷിയുള്ള ഇണയെ കണ്ടെത്താൻ സഹായിക്കുമെങ്കിലും പുതിയൊരാളെ കണ്ടെത്തുന്നതുവരെയുള്ള സമയം ദുഷ്കരമാണ്. ഇണയെ തിരയുന്നതിനും പ്രണയബന്ധം തുടങ്ങുന്നതിനും ധാരാളം സമയം നഷ്ടപ്പെടുന്നു. ഈ സമയത്ത് ഭക്ഷണ ലഭ്യത കുറവായിരിക്കുമെന്നതിനാൽ പെൻഗ്വിനുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം ഭക്ഷണം കണ്ടെത്താൻ പ്രേരിപ്പിക്കും. അതേസമയം ഒന്നിലധികം ബ്രീഡിങ് സീസണുകളിൽ ഒരേ ഇണയെ തെരഞ്ഞെടുത്ത പെൻഗ്വിനുകൾക്ക് പ്രത്യുല്പാദനശേഷി വർധിച്ചതായും ഇക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.