ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായും സ്റ്റാർട്ടപ്പുകൾക്കും ഡിജിറ്റൽ നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമായും ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നതായി വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്). സാങ്കേതിക പരിവർത്തനത്തിൽ മുൻനിരയിലേക്ക് ഭാരതം എത്തിക്കഴിഞ്ഞതായാണ് WEF റിപ്പോർട്ടിലുള്ളത്. WEF-ന്റെ ഇന്ത്യയിലെ ഓഫീസായ സെൻ്റർ ഫോർ ദി ഫോർത്ത് ഇൻഡസ്ട്രിയൽ (C4IR) ഇന്ത്യ, കഴിഞ്ഞ ആറ് വർഷത്തെ പുരോഗതി അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്ന എഐ-അധിഷ്ഠിത കാർഷിക പരിപാടികൾ, ആരോഗ്യ സംരക്ഷണ സേവനങ്ങൾ, സുസ്ഥിര നഗര വികസന ചട്ടക്കൂടുകൾ എന്നിവ തങ്ങളുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്ന് C4IR ഇന്ത്യ പറഞ്ഞു. മെച്ചപ്പെട്ട ഉപജീവനമാർഗങ്ങളിലൂടെയും ആരോഗ്യ സംരക്ഷണ മാർഗങ്ങളിലൂടെയും 1.25 ദശലക്ഷം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തി.
കൃഷി, വ്യോമയാനം എന്നീ മേഖലകളിൽ C4IR സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. എഐ അധിഷ്ഠിത മേഖലകളിലേക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഡിജിറ്റൽ നവീകരണത്തിന്റെ ഹബ്ബായി ഭാരത് മാറുന്ന സാഹചര്യത്തിൽ 10 ദശലക്ഷം ആളുകളിലേക്ക് വിവിധ തരത്തിലുള്ള പദ്ധതികളെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുമായുള്ള പങ്കാളിത്തം 40 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് ഡബ്ല്യുഇഎഫ് പറഞ്ഞു. വികസനത്തിന് സാങ്കേതികവിദ്യ പാലമായി വർത്തിക്കുകയാണ്. അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ WEF-ന് അഭിമാനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ കേന്ദ്രീകൃതമാ ഭാവി രൂപപ്പെടുന്നതിൽ ഫോറം പങ്കാളിയാണെന്നും പറയുന്നു.
സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധത്തിൽ വിന്യസിക്കുകയുമാണ് C4IR ഇന്ത്യയുടെ ലക്ഷ്യം. 2018 ഒക്ടോബറിലാണ് വിപ്ലവകരമായ പദ്ധതി ആരംഭിച്ചത്. ലോക സാമ്പത്തിക ഫോറത്തിന്റെ നാലാം വ്യാവസായിക വിപ്ലവത്തിനായുള്ള ആഗോള ശൃംഖലയുടെ ഭാഗമാണ് നീതി ആയോഗ് ഏകോപിപ്പിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറവുമായുള്ള സഹകരണം.