ക്രിപ്റ്റോ രംഗത്തേക്ക് ജിയോ എത്തുമെന്ന വാർത്തകൾ കുറച്ച് നാളായി പരക്കുന്ന വാർത്തയാണ്. ജിയോ കോയിൻ എന്ന പേരിൽ പുതിയ ക്രിപ്‌റ്റോ പുറത്തിറങ്ങിയതായാണ് വിവരം. റിലയൻസ് ജിയോ ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും കോയിൻ പ്രവർത്തസജ്ജമാണെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ എക്സിൽ പ്രചരിക്കുന്നുണ്ട്.
ഇന്റർനെറ്റ് ടെക്നോളജി കമ്പനിയായ പോളിഗൺലാബുമായി സഹകരിച്ചാണ് ജിയോ കോയിൻ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള ജിയോയുടെ 450 മില്യണിലധികം ഉപഭോക്താക്കൾക്ക് ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കും. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധിക്കുന്ന വെബ് 3 അധിഷ്ഠിതമായാണ് ജിയോ കോയിനുകൾ നിർമിച്ചിരിക്കുന്നത്.

ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള പ്രൊപ്രൈറ്ററി വെബ് ബ്രൗസറായ ‘ജിയോസ്‌ഫിയർ’ വഴിയാണ് ജിയോ കോയിനുകൾ നേടാൻ സാധിക്കുക. മൊബൈൽ നമ്പർ ഉപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് അധിഷ്ഠിത ആപ്പുകൾ ഉപയോഗിച്ച് ജിയോ കോയിൻ നേടാം. ജിയോസ്‌ഫിയർ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ പോളിഗൺ വാലറ്റിൽ ജിയോ കോയിനുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. എന്നാൽ ഉപയോക്താക്കൾക്ക് ജിയോ കോയിനുകൾ എങ്ങനെ റിഡീം ചെയ്യാനോ ഉപയോഗിക്കാനോ കഴിയുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിയോ കോയിന്റെ മൂല്യം എത്രയാണെന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജിയോ ഉപയോക്താക്കളെ പോളിഗൺ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കാൻ പുത്തൻ സംവിധാനത്തിന് സാധിക്കും. ക്രിപ്‌റ്റോ ലോകത്തിന് ബൃഹത്തായ സംഭവാന നൽകാൻ ജിയോയ്‌ക്ക് സാധിച്ചേക്കും. 470 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്‌ക്കുള്ളത്. നിലവിൽ 500 ദശലക്ഷം ഉപയോക്താക്കളാണ് ക്രിപ്‌റ്റോ രംഗത്തിനുള്ളത്. അതായത്, കഴിഞ്ഞ പതിനഞ്ച് വർഷം കൊണ്ട് ക്രിപ്‌റ്റോ മേഖല കൈവരിച്ച നേട്ടെ ജിയോയ്‌ക്ക് അനായാസം നേടിയെടുക്കാൻ കഴിയുമെന്ന് സാരം.















