മലപ്പുറം: സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏതുപദ്ധതി വന്നാലും ചോദ്യം ചെയ്യുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിശ്വാസസംരക്ഷമാണ് പ്രധാനമെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മെക് 7 വ്യായാമക്കൂട്ടായ്മയ്‌ക്കെതിരെ നേരത്തെ ഉയർത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പരോക്ഷമായി പറയുകയായിരുന്നു കാന്തപുരം.
പത്രത്തിൽ നമ്മൾക്കെതിരായി ധാരാളം വാർത്തകൾ കണ്ടു. ഞങ്ങൾ യഥാസ്ഥിതരാണ്, ലോകം മനസിലാക്കാത്തവരാണ് എന്നൊക്കെയാണ് പറയുന്നത്. ഞങ്ങളെ പരിഹസിച്ചാലും വിമർശിച്ചാലും കുഴപ്പമില്ല. കാര്യങ്ങൾ നന്നായി മനസിലാക്കിയാണ് പറയുന്നത്. വിശ്വാസം സംരക്ഷിക്കാൻ ഇത്തരം നിലപാടുകളിൽ ഉറച്ചുനിൽക്കേണ്ടതായി വരും. സ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഏതുപദ്ധതിയും ഇവിടുത്തെ ദീൻ പൊളിക്കാനുള്ള പദ്ധതിയാണെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കുറ്റ്യാടിയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന പരിപാടിയിലാണ് കാന്തപുരത്തിന്റെ വാക്കുകൾ.
മെക് 7 വ്യായാമക്കൂട്ടായ്മക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് നേരത്തെ കാന്തപുരം ഉന്നയിച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള വ്യായാമം വേണ്ടെന്ന നിലപാടുയർത്തിയ കാന്തപുരം, സ്ത്രീയും പുരുഷനും പരസ്പരം കാണുന്നതും നോക്കുന്നതും ഇടപഴകുന്നതും ഹറാം ആണെന്ന് പറഞ്ഞിരുന്നു. പണ്ടുകാലത്തെ സ്ത്രീകൾ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചിരുന്നുവെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. എന്നാൽ സമൂഹത്തെ പിറകോട്ട് നടത്തിക്കുന്ന കാഴ്ചപ്പാടുകളാണിതെന്നും ഇത്തരം പിന്തിരിപ്പൻ നിലപാട് അടിച്ചേൽപ്പിക്കരുതെന്നും കാന്തപുരത്തിനെതിരെ വിമർശനം ശക്തമായി. ഈ സാഹചര്യത്തിലാണ് താൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് കാന്തപുരം വ്യക്തമാക്കിയത്.