ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി അഞ്ചിന് പ്രയാഗ്‌രാജിലെത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമു ഫെബ്രുവരി പത്തിനും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഫെബ്രുവരി ഒന്നിനും സന്ദർശനം നടത്തും.
ഈ മാസാവസാനം 27-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ്‌രാജിൽ എത്തുന്നത്. മഹാകുംഭമേളയിൽ പങ്കെടുക്കുന്ന അമിത് ഷാ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തശേഷം ഗംഗാപൂജ നടത്തും. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സന്ദർശനം കണക്കിലെടുത്ത് പ്രയാഗ്‌രാജിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി ഒന്നിന് പ്രയാഗ്‌രാജിലെത്തുന്ന ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യും. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും പ്രയാഗ്‌രാജിൽ ഒരുക്കിയിട്ടുണ്ട്.















