സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും വാങ്ങി വൈറലാകാനുള്ള തത്രപ്പാടിലാണ് പലരും. ഇതിനായി സ്വന്തം ജീവൻവരെ അപകടത്തിലാക്കി വീഡിയോ എടുക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ഫിലിപ്പീൻസിലെ ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സൂപ്പർ ഗ്ലൂ ചുണ്ടിൽ തേച്ചാണ് യുവാവിന്റെ സാഹസം. വായ തുറക്കാൻ കഴിയാതെ വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ തമാശ കരച്ചിലിന് വഴിമാറി.
ഇൻസ്റ്റഗ്രാമിലെ @badis_tv എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു കടയുടെ മുന്നിലിരിക്കുന്ന യുവാവ് തന്റെ കൈയിൽ കരുതിയിരിക്കുന്ന സൂപ്പർ ഗ്ലൂ ക്യാമറക്ക് മുന്നിലേക്ക് കാണിക്കുന്നു. പിന്നാലെ ഇത് ചുണ്ടിൽ തേയ്ച്ച് പിടിപ്പിക്കുന്നുമുണ്ട്. എന്നാൽ വായ അടച്ച് പിടിച്ച ശേഷം തുറക്കാൻ ശ്രമിച്ചതോടെ കഥ മാറി. നിമിഷനേരം കൊണ്ട് ചുണ്ടുകൾ ഒട്ടിപ്പിടിച്ചു. തമാശയെന്ന് രീതിയിൽ ചിരിച്ച് വീണ്ടും വായ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് കരയാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
പിന്നീട് എന്തുസംഭവിച്ചുവെന്ന്പറയുന്നില്ലെങ്കിലും 47 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ യുവാവ് പ്രതീക്ഷിച്ചപോലെ വൈറലായി മാറിയിട്ടുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികതയിൽ പലരും സംശയം പ്രകടിപ്പിച്ചു. ഉപയോഗിച്ചത് സൂപ്പർ ഗ്ലൂവാണോ അതോ സാധാരണ പശയാണോ എന്നാണ് വീഡിയോ കണ്ട ചിലരുടെ ചോദ്യം. അവൻ ഇപ്പോൾ പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.















