ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ച താരമാണ് അഭിമന്യു തിലകൻ. മാർക്കോയിലെ റസലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്.
തിലകന്റെ ചെറുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യുവിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നായകനായ മാർക്കോ എന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തോട് ഇഞ്ചോടിഞ്ച് നിൽക്കുന്ന പ്രകടനമായിരുന്നു റസലിന്റേത്. താരപുത്രന്മാർ വാഴുന്ന മലയാള സിനിമാ മേഖലയിലേക്ക് മറ്റൊരു യുവതാരം കൂടി എത്തിയിരിക്കുകയാണ്.
അരങ്ങേറ്റ ചിത്രമായ മാർക്കോയിൽ ഗംഭീരപ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ അഭിമന്യുവിന് സാധിച്ചു. ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകനായാണ് അഭിമന്യു എത്തിയത്. പെരുമാറ്റവും മേക്കോവറും ലുക്കും കൊണ്ട് റസൽ എന്ന കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി.
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രയും വലിയൊരു വില്ലൻ വേഷം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചില അഭിമുഖങ്ങളിൽ അഭിമന്യു പറഞ്ഞിരുന്നു. ശബദ്ത്തിലെ ഗാംഭീര്യവും അഭിമന്യുവിനെ വ്യത്യസ്തനാക്കിയിരുന്നു.