കൊച്ചി: പത്തുവർഷമായി യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി. തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങി. മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും സിജുവിന്റെയും ഇടപെടലാണ് ദിനേശൻ നാട്ടിലെത്താൻ കാരണമായത്. വേൾഡ് മലയാളി ഫെഡറേഷൻ സാമ്പത്തികമായി സഹായിച്ചു. നാട്ടിലെത്താനായി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ദിനേശൻ പറഞ്ഞു.
2014 ഓഗസ്റ്റിലാണ് ദിനേശൻ ജോലി തേടി യെമനിലെത്തിയത്. ടൈൽ പണിക്കെന്ന് പറഞ്ഞാണ് കേരളത്തിൽ നിന്ന് വിമാനം കയറിയത്. അവിടെ എത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ദിനേശൻ കുടുങ്ങി. തുടർന്നുള്ള രണ്ട് വർഷക്കാലം കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ബന്ധമില്ലാതായി. 2021 മുതലാണ് ദിനേശനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ തുടങ്ങിയത്.
ദിനേശൻ വിദേശത്തേക്ക് പോകുമ്പോൾ മൂത്ത മകൾ കൃഷ്ണവേണിക്ക് രണ്ട് വയസും മകൻ സായികൃഷ്ണയ്‌ക്ക് രണ്ട് മാസവുമായിരുന്നു പ്രായം. അവർ ഇന്ന് ഏഴിലും അഞ്ചിലും പഠിക്കുകയാണ്. അച്ഛനെ കണ്ടുള്ള ഓർമ പോലും അവർക്ക് ഇന്നില്ല. അച്ഛനെ നേരിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആ കുരുന്നുകൾ. ദിനേശന്റെ മാതാപിതാക്കളും മകൻ വീട്ടിലെത്തുന്നതിനായി കാത്തിരിക്കുകയാണ്.