കാൺപൂർ: ഹിന്ദു ആരാധനാ മൂർത്തികളെയും മഹാകുംഭമേളയെയും കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മാദ്ധ്യമ പ്രവർത്തകനായ കമ്രാൻ ആൽവിയെയും ജയ്‌പൂർ സ്വദേശിയായ യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.
കമ്രാൻ ആൽവി സോഷ്യൽ മീഡിയയിൽ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായി. വീഡിയോ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയെയാണ് അറസ്റ്റ്. ഫേസ്ബുക്കിലടക്കം 9,000 ൽ അധികം ഫോളോവേഴ്‌സുള്ള കമ്രാൻ ഒരു ന്യൂസ്‌പോർട്ടലിലാണ് ജോലി ചെയ്യുന്നത്.
ജയ്‌പൂരിലെ ബോജ സ്വദേശി അഭിഷേക് കുമാറാണ് അറസ്റ്റിലായ മറ്റൊരാൾ. ഇയാൾ ഹിന്ദു ആരാധനാ മൂർത്തികളെയും മഹാകുംഭത്തെയും അപമാനിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകൾ പോസ്റ്റ് ചെയ്തതായി എസ്എച്ച്ഒ അമിത് പ്രതാപ് സിംഗ് പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിച്ചത്തിനും ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിനും ഭാരതീയ ന്യായസംഹിത പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്.















