പ്രയാഗ്രാജ്: മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ
അത്യാധുനിക ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളും റഡാർസാറ്റും ഉപയോഗിച്ചാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് യുപി സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ നേർചിത്രമാവുകയാണ് സാറ്റലൈറ്റ് ചിത്രങ്ങൾ. ടെന്റ് സിറ്റിയും താൽക്കാലിക പാലങ്ങളും പുതിയതായി നിർമിച്ച ശിവാലയ പാർക്കും ഇതിൽ വ്യക്തമായി കാണാം. കൂടാതെ പുതിയതായി നിർമിച്ച റോഡ് ശ്രംഖലയും ഇതിൽ പതിഞ്ഞിട്ടുണ്ട്.

2024 ഏപ്രിൽ 6-ന് മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ് എടുത്ത ചിത്രവും താരതമ്യത്തിനായി ഐ.എസ്.ആർ.ഒ പങ്കുവെച്ചിട്ടുണ്ട്. കുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി യുപി ഭരണകൂടവും ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിക്കുന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് മഹാകുംഭമേളയെന്ന് കേന്ദ്ര ശാസ്ത്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു
2025ലെ ആദ്യ മൻ കി ബാത്തിൽ പ്രധാനമന്ത്രി കുംഭമേളയുടെ സംഘാടനത്തെ പ്രശംസിച്ചിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ വിപുലമായി ഉപയോഗിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞിരുന്നു.















