വളർത്തുപൂച്ച അബദ്ധത്തിൽ രാജിക്കത്തയച്ചതോടെ തന്റെ ജോലിയും വർഷാവസാന ബോണസും നഷ്ടമായെന്ന് ചൈനീസ് യുവതി. ബോസിന് രാജിക്കത്ത് അയക്കാൻ മടിച്ച് നിൽക്കുന്നതിനിടെ സമീപത്തിരുന്ന പൂച്ച അറിയാതെ ‘send’ ബട്ടൺ ഞെക്കുകയായിരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന 25 കാരിക്കാണ് ഈ ദുരനുഭവം.
യുവതിക്കൊപ്പം ഒൻപത് പൂച്ചകളാണ് താമസിക്കുന്നത്. ഇവരെ പോറ്റാൻ പണം ആവശ്യമാണെന്നതിനാൽ രാജിവെക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കാനുള്ള ചിന്തയിലായിരുന്നു യുവതി. ലാപ്ടോപ്പിൽ തയാറാക്കിവെച്ച രാജിക്കത്ത് അയക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്ന സമയത്ത് പൂച്ച യുവതിയുടെ മേശപ്പുറത്തേക്ക് ചാടിക്കയറി ലാപ്ടോപ്പിലെ എന്റർ കീ അമർത്തുകയായിരുന്നു. വീട്ടിലെ നിരീക്ഷണക്യാമറയിൽ ഈ അവിശ്വസനീയ നിമിഷങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുവതി പറയുന്നു.
തന്റെ ജോലി നഷ്ടപ്പെടാതിരിക്കാൻ അവർ ഉടൻ തന്നെ ബോസിനെ വിളിച്ച് കാര്യം പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പൂച്ചയാണ് രാജിക്കത്തയച്ചതെന്ന് പറഞ്ഞുവെങ്കിലും ബോസ് ഇത് അംഗീകരിച്ചില്ല. ഇതോടെ യുവതിക്ക് ജോലിയും വർഷാവസാന ബോണസും നഷ്ടപ്പെട്ടു. പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാൻ പണമില്ലാതെ വന്നതോടെ അവർ ഇപ്പോൾ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.















