ഷങ്കർ സംവിധാനം ചെയ്ത്, രാം ചരൺ നായകനായ ചിത്രമാണ് ഗെയിം ചേഞ്ചർ. ബിഗ് ബജറ്റ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആദ്യം ദിവസം 51 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം തൊട്ടടുത്ത ദിവസം മുതൽ ബോക്സോഫീസ് കളക്ഷനിൽ ഇടിഞ്ഞിരുന്നു. ഗെയിം ചേഞ്ചറിലൂടെ 200 കോടിയുടെ നഷ്ടമാണ് നിർമാതാവിന് ഉണ്ടായത്. ഇതിനിടെ നിർമാതാവ് ദിൽ രാജുവിന്റെ പുതിയ ചിത്രത്തിൽ രാം ചരൺ നായകനാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഗെയിം ചേഞ്ചറിലൂടെ ഉണ്ടായ നഷ്ടം നികത്താനാണ് ദിൽ രാജുവിനൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കാൻ രാം ചരൺ തീരുമാനിച്ചതെന്നാണ് വിവരം. ഈ ചിത്രത്തിൽ താരം പ്രതിഫലം കുറയ്‌ക്കുമെന്നും വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 450 കോടി മുതൽമുടക്കിലാണ് ഗെയിം ചേഞ്ചർ ഒരുക്കിയതെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നിർമാതാവ് ദിൽ രാജു പറഞ്ഞത്.
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം RC16 എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാം ചരൺ. അതിന് ശേഷമായിരിക്കും ദിൽ രാജു നിർമിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഗെയിം ചേഞ്ചർ റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 127 കോടി രൂപയാണ് നേടിയത്. ചിത്രം അടുത്തയാഴ്ച തിയേറ്ററുകൾ വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















