ബെയ്‌റൂത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ ബെക്കാ വാലി മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ വസതിയിലായിരുന്ന നേതാവിന് നേരെ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ശരീരത്തിൽ ആറ് തവണ വെടിയേറ്റ ഹമാദിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലും ഹമാസും തമ്മിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ സംഭവം.
കരാർ പ്രകാരം ജനുവരി 26 മുതൽ തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കും. ഇതോടെ ഇസ്രായേലി അതിർത്തിയായ ലിറ്റാനി നദിക്ക് വടക്കു നിന്നും ഹിസ്ബുള്ളയും പിൻവാങ്ങും. ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തിൽ 1.2 ലക്ഷത്തിലധികം ലെബനീസ് ജനങ്ങളെയും 50,000 ഓളം ഇസ്രയേലികളെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ഷെല്ലാക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.















