ഇൻഡോർ: ഭാര്യവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്. ഭാര്യയുടെയും ബന്ധുക്കളുടെയും ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് 28-കാരനെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ നിയമങ്ങളെ ചൂഷണം ചെയ്യുകയാണ് സ്ത്രീകളെന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. മദ്ധ്യപ്രദേശിലാണ് സംഭവം നടന്നത്.
നിതിൻ പടിയാർ എന്ന യുവാവാണ് ജീവനൊടുക്കിയത്. 34-കാരനായ ടെക്കി ഭാര്യയുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇതിന് ശേഷം രാജ്യത്തിന്റെ പലയിടങ്ങളിലായി ഭർത്താക്കന്മാരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിതിൻ പടിയാറിന്റേത്.
മദ്ധ്യപ്രദേശിലെ ബംഗംഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് നിതിൻ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യക്കുറിപ്പിൽ ഭാര്യയുടെ പേരും ഭാര്യവീട്ടുകാരുടെ പേരും മറ്റ് ചില ബന്ധുക്കളുടെ പേരും നിതിൻ പരാമർശിച്ചിട്ടുണ്ട്. ഈ നാട്ടിലെ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടാണ് നിതിൻ കുറിപ്പ് തുടങ്ങിയിരിക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ്. നിരവധി പുരുഷന്മാരും അവരുടെ കുടുംബങ്ങളും ഇതുമൂലം പ്രയാസപ്പെടുന്നു. ഈ രാജ്യത്തെ യുവാക്കളോട് തനിക്ക് പറയാനുള്ളത് – വിവാഹം കഴിക്കരുതെന്നാണ്. അഥവാ വിവാഹിതരാകുന്നുവെങ്കിൽ എല്ലാ കാര്യങ്ങളും സംസാരിച്ച് ഒരു ധാരണയിലെത്തണം. ശേഷം മാത്രമേ വിവാഹം കഴിക്കാവൂ. – നിതിൻ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.















