ന്യൂഡൽഹി: മൂന്ന് ദിവസത്തെ മഹാകുംഭമേള സന്ദർശനത്തിനെത്തി സുധാമൂർത്തി. പ്രയാഗ്‌രാജിലെ ഇസ്കോൺ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണ വിതരണ ക്യാംപിലെത്തിയ അവർ ഭക്തർക്ക് പ്രസാദവും വിതരണം ചെയ്തു. സുധാമൂർത്തി പ്രസാദ വിതരണം നടത്തുന്ന വീഡിയോ ഭക്തർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചു.
ഇസ്കോണിന്റെ ഭക്ഷണവിതരണ കൗണ്ടറിൽ സന്യാസിമാർക്കൊപ്പം ചേർന്ന് ഭക്തർക്ക് ചപ്പാത്തി വിതരണം ചെയ്യുന്ന വീഡിയോയാണ് ഭക്തർ പങ്കുവച്ചത്. മറ്റൊരു വീഡിയോയിൽ അവർ ഇസ്കോൺ പാചകപ്പുര സന്ദർശിക്കുന്നു. ലക്ഷക്കണക്കിന് ഭക്തർക്കാവശ്യമായ ഭക്ഷണം യന്ത്രങ്ങളുടെ സഹായത്തോടെ എങ്ങനെ തയാറാക്കുന്നുവെന്ന് സുധാമൂർത്തി സന്നദ്ധ പ്രവർത്തകരോട് ചോദിച്ച് മനസിലാക്കി.
മഹാകുംഭമേളയിൽ പങ്കെടുക്കാനായതിൽ താൻ അത്യധികം ആവേശത്തിലും സന്തോഷത്തിലുമാണെന്ന് സുധാമൂർത്തി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അവർ ആദ്യ രണ്ട് ദിവസവും ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തി.
📍Prayagraj | #Watch: Sudha Murthy helps serve the Mahaprasad in the ISKCON camp at Prayagraj#MahaKumbh2025 pic.twitter.com/NJjWykSxn8
— NDTV (@ndtv) January 22, 2025
ഇസ്കോണുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് മഹാകുംഭമേള പ്രദേശത്ത് പ്രതിദിനം 40,000 ത്തിലധികം ഭക്തർക്ക് മഹാപ്രസാദം വിതരണം ചെയ്യുന്നു. പ്രയാഗ്‌രാജിലെ സെക്ടർ 19-ൽ നിർമ്മിച്ച അടുക്കളയിലാണ് മഹാപ്രസാദം തയാറാക്കുന്നത്. പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അടുക്കളയിൽ വെള്ളം ചൂടാക്കാനും പച്ചക്കറികളും അരിയും തിളപ്പിക്കാനുമുള്ള ബോയിലർ പോലുള്ള ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഭാരമുള്ള ഭക്ഷണ പാത്രങ്ങൾ കൊണ്ടുപോകാൻ ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റൊട്ടി ഉണ്ടാക്കാൻ മൂന്ന് വലിയ യന്ത്രങ്ങളുണ്ട്. ഈ യന്ത്രങ്ങൾ ചേർന്ന് ഒരു മണിക്കൂറിൽ 10,000 റൊട്ടികളാണ് തയ്യാറാക്കുന്നത്.