ലക്നൗ: സൗജന്യ സ്മാർട്ട്ഫോൺ വിതരണം, പുതിയ മെഡിക്കൽ കോളേജ് തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം PPP മോഡലിൽ ഹത്രാസ്, കസ്ഗഞ്ച്, ബാഘ്പത് എന്നീ ജില്ലകളിൽ മെഡിക്കൽ കോളേജുകൾ രൂപീകരിക്കും. സംസ്ഥാനത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത മേഖലകളിൽ ആരോഗ്യപരിപാലനവും മെഡിക്കൽ വിദ്യാഭ്യാസവും എത്തിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.
സ്വാമി വിവേകാനന്ദ യുവ സശാക്തീകരൺ യോജന പ്രകാരം 25 ലക്ഷം സ്മാർട്ട്ഫോണുകൾ വാങ്ങിക്കും. യുവാക്കൾക്ക് സൗജന്യമായി ഇവ വിതരണം ചെയ്യും. അഞ്ച് വർഷക്കാലയളവിൽ പദ്ധതി തുടരും. 2024-25 സാമ്പത്തിക വർഷത്തിൽ ഇതിനായി 4,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, നൈപുണ്യ വികസന പരിശീലനം, ഐടിഐ പ്രോഗ്രാമുകൾ എന്നിവ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കാണ് സൗജന്യ സ്മാർട്ട്ഫോണുകൾ നൽകുക.















