എവറസ്റ്റ് പർവതം കീഴടക്കാൻ ആഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം സർക്കാരിന് നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പർവതാരോഹകർക്കുള്ള ഫീസ് വർദ്ധിപ്പിക്കാനാണ് നേപ്പാളീസ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിലുള്ള തുകയുടെ 36 ശതമാനം വർദ്ധിപ്പിച്ചേക്കും. ഇതോടെ പർവതാരോഹകർ നൽകേണ്ട തുക വൻ തോതിൽ ഉയരുമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന നേപ്പാളിന് ഈ ഫീസ് വർദ്ധന ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ലോകത്തെ ഏറ്റവും വലിയ 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. വിദേശത്ത് നിന്ന് വരുന്ന പർവതാരോഹകരുടെ പെർമിറ്റ് ഫീസാണ് രാജ്യത്തെ പ്രധാന വരുമാനങ്ങളിലൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ ഉയരം താണ്ടണമെങ്കിൽ 11,000 ഡോളർ നൽകണം. ഇത് 15,000 ഡോളറായി ഉയർത്താനാണ് തീരുമാനമെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ നാരായൺ പ്രസാദ് റെജ്മി അറിയിച്ചു. വരുന്ന സെപ്റ്റംബർ മുതൽ പുതിയ നിരക്ക് നിലവിൽ വരും.
പ്രതിവർഷം മുന്നൂറോളം പർവതാരോഹകർക്കാണ് എവറസ്റ്റ് കയറാൻ നേപ്പാൾ അനുമതി നൽകാറുള്ളത്. സെപ്റ്റംബർ-നവംബർ സീസണിൽ ഈടാക്കിയിരുന്നത് 5,500 ഡോളറാണ്. ഇത് 7,500 ഡോളറായി ഉയർത്തുമെന്നാണ് വിവരം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് ആദ്യമായാണ് ഫീസ് വർദ്ധനയുണ്ടാകുന്നത്. ഇതുപ്രകാരം എവറസ്റ്റ് കയറാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 12,96,950 രൂപ നൽകേണ്ടി വരും.















