പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ഇറാഖ് പാർലമെന്റ് പാസാക്കി. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള കുടുംബകാര്യങ്ങളിൽ ഇസ്‌ലാമിക കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതികൾ. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1958ലെ ഏകീകൃത കുടുംബ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. ഇറാഖ് നിയമം മന്ത്രാലയമാണ് വിവാദ ഭേദഗതി അവതരിപ്പിച്ചത്.
നിലവിൽ ഇറഖിലെ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 ആണ്. കഴിഞ്ഞവർഷം പകുതിയോടെയാണ് വിവാഹപ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് ഇത് പിൻവലിച്ചു. എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെന്റിൽ എത്തി.
കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
ഇത്രയും ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്നത് പെൺകുട്ടികളുടെ അവകാശം ഹനിക്കുന്നതിന് തുല്യമാണെന്ന് ഇറാഖി വിമൻസ് ലീഗ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇൻതിസാർ അൽ-മയാലി മുന്നറിയിപ്പ് നൽകി.നിയമങ്ങൾ കാറ്റിൽ പറത്തി ഇപ്പോൾ തന്നെ നിരവധി ബാലവിവാഹങ്ങളാണ് ഇറാഖിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പെൺകുട്ടികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും. രാജ്യത്ത് 28 ശതമാനം പെൺകുട്ടികളും 18 ന് മുൻപ് തന്നെ വിവാഹിതരാകുന്നുണ്ടെന്നാണ് യുനിസെഫ് നടത്തിയ പഠനങ്ങൾ പറയുന്നത്.















