കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറിയ സാഹചര്യങ്ങളിൽ വിവിധ പ്രക്രിയകൾക്കായി കൂടുതൽ സമയമെടുക്കുന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വ്യക്തമാക്കി. ഇതുസംബന്ധിച്ച വാർത്താക്കുറിപ്പും സിയാൽ പുറത്തിറക്കിയിട്ടുണ്ട്.
സാധാരണഗതിയിൽ, ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നവർ 2-3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിലെത്തണമെന്നാണ് നിർദേശം. അന്താരാഷ്‌ട്ര സർവീസുകളാണെങ്കിൽ 2-4 മണിക്കൂർ മുൻപും എത്തേണ്ടതാണ്. ചെക്ക് ഇൻ പ്രക്രിയ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കാനും ഗേറ്റ് കണ്ടുപിടിക്കാനും സമയം ആവശ്യമാണ്. അതിനാലാണ് ഫ്ലൈറ്റ് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എയർപോർട്ടിലെത്താൻ നിർദേശിക്കുന്നത്. റിപ്പബ്ലിക് ദിനാചരണങ്ങളുടെ ഭാഗമായി രാജ്യത്ത് സുരക്ഷാപരിശോധന കർശനമായതിനാൽ കൂടുതൽ നേരത്തെ ഇനി യാത്രക്കാർ എത്തണമെന്നാണ് എയർപോർട്ട് അധികൃതരുടെ നിർദേശം.