റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യ പുറത്തിറക്കി. എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചത്.
സുപ്രധാനമായ ഈ നയം നടപ്പാക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് സൗദി അറേബ്യ. നിർബന്ധിത തൊഴിൽ കൺവെൻഷനിലേക്കുള്ള അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ (ILO) 2014 പ്രോട്ടോക്കോൾ അംഗീകരിച്ച ആദ്യത്തെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാഷ്‌ട്രമാണ് സൗദി അറേബ്യ. ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രതിരോധം, തൊഴിലാളികളുടെ സംരക്ഷണം, മെച്ചപ്പെട്ട ഏകോപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹുമുഖ സമീപനമാണ് നയം സ്വീകരിക്കുന്നത്.
നിർബന്ധിത തൊഴിലാളികൾക്ക് ഫലപ്രദമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നയം ലക്ഷ്യമിടുന്നു. നിർബന്ധിത തൊഴിൽ ഉന്മൂലനം ചെയ്യുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. തൊഴിലാളികൾ ഇരയാക്കപ്പെടുന്നത് തടയുന്നതിനും നിയമപരവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ അവർക്ക് ഉറപ്പാക്കുന്നതിനും നയത്തിലൂടെ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.