തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ ജയിലിലെത്തിച്ചതിന് പിന്നാലെ പൊലീസ് മുടിമുറിച്ചിരുന്നു. ഇതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു പ്രതി. ഈ സാഹചര്യത്തിലാണ് തൃശൂരിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ചയാണ് മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ജയിൽ ചട്ടം അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിലാകുന്ന പ്രതികൾക്കും തടവുപുള്ളികൾക്കും വൃത്തിയുണ്ടാകണമെന്നും ശരീരശുദ്ധി വേണമെന്നും നിർബന്ധമാണ്. ഇതിന്റെ ഭാഗമായാണ് മണവാളന്റെ മുടി മുറിച്ചതെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് ചട്ടവിരുദ്ധ നിലപാടാണെന്നാണ് ആക്ഷേപം. ശരീരശുദ്ധി വേണമെന്ന് മാത്രമാണ് ജയിൽ നിയമം, മുടി മുറിക്കണമെന്ന് ചട്ടങ്ങളിൽ പറയുന്നില്ലെന്നും വിമർശനമുണ്ട്.
കേരളവർമ കോളേജിലെ രണ്ട് വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതി മണവാളൻ അറസ്റ്റിലായത്. പത്ത് മാസം ഒളിവിലായിരുന്ന പ്രതിയെ കുടകിൽ നിന്ന് പിടികൂടുകയായിരുന്നു പൊലീസ്. തുടർന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായതിനെ തുടർന്ന് തൃശൂർ ജില്ലാ ജയിലിലേക്ക് പ്രതിയെ കൊണ്ടുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കലും മാനസികാസ്വാസ്ഥ്യവുമുണ്ടായത്.















