ന്യൂഡൽഹി: ചൈനയുമായുള്ള ചർച്ചകൾക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബെയ്ജിംഗിലേക്ക്. ജനുവരി 26, 27 ദിവസങ്ങളിലാണ് ചൈനാ സന്ദർശനം. ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടികൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനാവശ്യമായ ചർച്ചകളും നടത്തിയേക്കും.
ഒരിടവേളയ്‌ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ ബന്ധം മെച്ചപ്പെടുത്തിയതിന്റെ തുടർച്ചയെന്നോണമാണ് വിദേശകാര്യ സെക്രട്ടറി ചൈനയിലേക്ക് പോകുന്നത്. കഴിഞ്ഞ മാസം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുകയും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ചൈന സന്ദർശിക്കുന്നത്.















