കോഴിക്കോട്: 2025 ലെ നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ‘അമ്മയുടെ കുട’ എന്ന ഷോർട്ട് ഫിലിം. മികച്ച സ്‌ക്രിപ്റ്റ്, സംഗീതം തുടങ്ങിയ പുരസ്‌കാരങ്ങൾ ഉൾപ്പെടെയാണ് ചിത്രത്തിന് ലഭിച്ചത്.
ഇരിങ്ങാലക്കുട സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാകേതം വൃദ്ധസദനമാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. അനേകം പേരുടെ കഷ്ടപ്പാടിന്റെ വിജയമാണ് പുരസ്‌കാരത്തിലൂടെ സമാദരിക്കപ്പെടുന്നതെന്ന് ഡോ. എൻആർ മധു ഫേസ്ബുക്കിൽ കുറിച്ചു. ഡോ. എൻ.ആർ മധുവിന് പുരസ്‌കാരം ലഭിക്കുന്ന നാലാമത് ഷോർട്ട് ഫിലിമാണ് അമ്മയുടെ കുട.

വാർദ്ധക്യം ബാധ്യതയായി കരുതി അനാഥാലയങ്ങളിൽ നടതള്ളപ്പെടുന്ന അമ്മമാരാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം. ഉണ്ണി നീലഗിരി ക്യാമറയും എഡിറ്റിംഗും മനുരാജ് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാകേതം വൃദ്ധസദനത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ബാക്കി കോഴിക്കോടും.
ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഡോ. എൻ.ആർ മധു നന്ദി പറഞ്ഞു. അമ്മയുടെ കുട ആദ്യമയച്ച ഫെസ്റ്റിവലിൽ തന്നെ വിജയം നേടിയത് കേസരിയമ്മന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















