ഫോം തിരിച്ചുപിടിക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നിരാശ. ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും നിറം മങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ തിളങ്ങിയത് രവീന്ദ്ര ജഡേജ മാത്രമാണ്. അഞ്ചുവിക്കറ്റ് നേടിയ താരം സൗരാഷ്‌ട്രയ്‌ക്കായി 200 വിക്കറ്റ് സ്വന്തമാക്കുന്ന താരവുമായി. ഡൽഹിക്കെതിരെ 66 റൺസ് വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റെടുത്തത്. ബാറ്റെടുത്തപ്പോൾ 36 പന്തിൽ 38 റൺസുമെടുത്തു.
എട്ട് പന്തില്‍ നാലു റണ്‍സെടുത്താണ് ഗില്ല് കുടാരം കയറിയത്. ഡൽഹിക്കായി അഞ്ചാം നമ്പരിലെത്തി പന്തിന് നേടാനായത് ഒരു റൺസാണ്. മുംബൈക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം രഞ്ജി കുപ്പായം അണിഞ്ഞ ഇന്ത്യൻ ക്യാപ്റ്റനും നിരാശയായിരുന്നു ഫലം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ജയ്സ്വാൾ നാലു റൺസെടുത്താണ് മടങ്ങിയത്.
രോഹിത് ശർമ ഒരു ഷോർട്ട് പിച്ച് പന്തിലാണ് പുറത്തായത്. രോഹിത്തിന് പുറമെ രഹാനയെ(12)യും പെട്ടെന്ന് മടങ്ങി. സൗരാഷ്‌ട്ര താരമായ പൂജാര ആറ് റണ്‍സെടുത്ത് പുറത്തായി. മഹാരാഷ്‌ട്ര താരമായ ഋതുരാജ് ഗെയ്ക്‌വാദിനും തിളങ്ങാനായില്ല. 21 പന്തില്‍ 10 റണ്‍സെടുത്ത് ചെന്നൈ നായകൻ പുറത്തായി.