ബെംഗളൂരു: വിവാഹമോചനത്തിൽ നിന്ന് ഭാര്യ പിന്മാറാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ നാഗർഭാവിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു ഭർത്താവ്. 39-കാരനായ മഞ്ജുനാഥാണ് മരിച്ചത്. കുനിഗൽ ടൗണിൽ താമസിച്ചിരുന്ന യുവാവ് കാബ് ഡ്രൈവറായിരുന്നു.
2013-ലായിരുന്നു മഞ്ജുനാഥിന്റെ വിവാഹം. തുടർന്ന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഇരുവരും താമസിച്ച് വരികയായിരുന്നു. 9 വയസുള്ള മകനും ഇവർക്കുണ്ട്. രണ്ടുപേർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ മഞ്ജുനാഥ് ഭാര്യയിൽ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി. രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ചതിനൊടുവിൽ വിവാഹമോചനത്തിനായി ഭാര്യ നീക്കം ആരംഭിച്ചു. എന്നാൽ മഞ്ജുനാഥ് ഇതിന് തയ്യാറല്ലായിരുന്നു.
വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ ഭാര്യ ഉറച്ചുനിൽക്കുകയും ചെയ്തു. വിവാഹമോചനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഭാര്യ നിലപാടറിയിച്ചതോടെ പെട്രോളൊഴിച്ച് ജീവനൊടുക്കുകയായിരുന്നു മഞ്ജുനാഥ്. സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















