ദാവോസ്: സ്വിറ്റ്സർലാൻഡിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ (World Economic Forum) അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വ്യവസായികൾ തങ്ങളുടെ ഉത്പന്നങ്ങൾ യുഎസിൽ നിർമ്മിക്കുകയാണെങ്കിൽ കുറഞ്ഞ നികുതി മാത്രമേ ഈടാക്കൂവെന്നും അല്ലെങ്കിൽ വൻ തുക താരിഫ് ഇനത്തിൽ അടയ്‌ക്കേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഫോറത്തിന്റെ വാർഷിക യോഗത്തെ ട്രംപ് അഭിസംബോധന ചെയ്തത്. എണ്ണ വില കുറയ്‌ക്കാൻ സൗദി അറേബ്യയോടും ഒപെക്കിനോടും ആവശ്യപ്പെടുമെന്നും വില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
ലോകമെമ്പാടും, ഭക്ഷ്യവില വൻ തോതിലാണ് ഉയർന്നിരിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവുമധികം എണ്ണയും വാതകവുമുള്ളത് അമേരിക്കയിലാണ്, അത് താൻ ഉപയോഗിക്കാൻ പോവുകയാണ്. അതുവഴി എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടെയും ചെലവ് കുറയും. തൽഫലമായി ലോകത്തിലെ ഉത്പാദകശക്തിയായി അമേരിക്ക മാറുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ ജനതയെ സഹായിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവുകളാണ് പാസാക്കാൻ പോകുന്നത്. അതേസമയം ഒരു വ്യവസായി തങ്ങളുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിർമ്മിക്കുന്നില്ലെങ്കിൽ, താരിഫ് അടയ്‌ക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയിലേക്ക് വരൂ, നിങ്ങളുടെ ഉത്പന്നം ഇവിടെ നിർമിക്കൂ.. ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിങ്ങളടച്ചാൽ മതിയാകും. എന്നാൽ അമേരിക്കയിൽ ഉത്പാദിപ്പിക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ താരിഫ് കുറേ അടയ്ക്കേണ്ടി വരും- ട്രംപ് പറഞ്ഞു.