ആരെയും മനപൂർവ്വം വിഷമിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും ആരെയും സങ്കടപ്പെടുത്താനോ ഉപദ്രവിക്കാനോ പോയിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കൊച്ചിയിൽ നടന്ന ഒരു ഉദ്ഘാടനവേദിയിലായിരുന്നു ബോചെയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
“ഞാൻ കുറച്ചുനാൾ ജയിലിലായിരുന്നു. എന്താണ് കേസ്, എന്താണ് പ്രശ്നം എന്നൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷേ, കോടതിയിൽ നിൽക്കുന്ന കേസായതിനാൽ അതിനെ കുറിച്ച് ഒന്നും പറയാൻ എനിക്ക് സാധിക്കില്ല. നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അതിനെ കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല”.
” എന്നെ കൊണ്ട് കഴിയാവുന്ന സഹായമെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ആരോടും വൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെയില്ല. സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന സന്ദേശവുമായാണ് ഞാൻ മുന്നോട്ടുപോകുന്നത്. മാർക്കറ്റിംഗ് ചെയ്യാൻ വേണ്ടിയൊക്കെ പലതും പറയാറുണ്ട്. അല്ലാതെ മനപൂർവം ആരെയും ബുദ്ധിമുട്ടിക്കാനായി ഒന്നും പറയാറില്ല. എന്റെ വാക്കുകൾ കാെണ്ട് ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു”- എന്നായിരുന്നു ബോചെയുടെ വാക്കുകൾ.















