പാടുന്നതിനിടെ കമന്റ് പറഞ്ഞയാൾക്ക് ചുട്ടമറുപടി കൊടുത്ത് ഗായകൻ എം ജി ശ്രീകുമാർ. ‘ഇനി നല്ലൊരു പാട്ട് പാടൂ’ എന്നായിരുന്നു കാണികളിലൊരാളുടെ അഭിപ്രായം. അത് കേട്ടയുടനെ അയാൾക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്‌ക്കിടയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നല്ല പാട്ട് പാടാൻ പറഞ്ഞയാളോട് ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നോയെന്നാണ് എംജി ശ്രീകുമാർ ചോദിച്ചത്. ‘ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താനൊരു കാര്യം ചെയ്യൂ. വീട്ടിൽ പോയി റേഡിയോ വച്ച് കേൾക്കണം. അതിനകത്ത് നല്ല ഒരുപാട് പാട്ടുകൾ ഉണ്ടായിരിക്കും. താൻ നല്ല പാട്ട് കേട്ടിട്ടില്ലെന്ന് തന്നെ കണ്ടപ്പോഴെ മനസിലായി. ഇവന് ഇത്രയും വേണം. ഇത് കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല. പോകുന്ന വഴി ആരെങ്കിലും മുഖത്ത് കുത്തും കേട്ടോ’ – എന്നായിരുന്നു എംജി ശ്രീകുമാറിന്റെ വാക്കുകൾ.
എംജിയുടെ മറുപടി കേട്ടതും സദസിലുണ്ടായിരുന്ന ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. കമന്റ് പറഞ്ഞ ആൾക്ക് ഇത് വേണമെന്ന് ചിലർ പറഞ്ഞപ്പോൾ ഇത്രയും പറയേണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്.