ബറേലി: പൃഥ്വിരാജ് ചൗഹാന്റെ സമകാലികനായിരുന്ന ഗുരു അമർപതിയുടെ സ്മാരകത്തിൽ നിന്ന് പുരാതന നാണയങ്ങളും മൺപാത്രങ്ങളും കണ്ടെത്തി സംഭാലിലെ ജില്ലാ ഭരണകൂടം. നാണയങ്ങൾ 300 മുതൽ 400 വർഷം വരെ പഴക്കമുള്ളതാണ്. 1920 മുതൽ ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
കഴിഞ്ഞ ദിവസം എസ്ഡിഎം വന്ദന മിശ്ര, സംഭാലിലെ ഹയാത് നഗർ മേഖലയിലെ അല്ലിപൂർ ഗ്രാമത്തിലുള്ള ഗുരു അമർപതി ഖേഡ സന്ദർശിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്‌ക്കിടെ ഗ്രാമവാസികൾ കണ്ടെത്തിയ ചില പുരാതന നാണയങ്ങളും ഒരു മൺപാത്രവും എസ്‌ടിഎമ്മിന് കൈമാറുകയായിരുന്നു. ഇത് പിന്നീട ജില്ലാ ഭരണകൂടം കസ്റ്റഡിയിലെടുത്തു.
വളരെക്കാലം മുൻപ് ഇവിടെ സോട്ട് നദിക്കരയിലായി ഒരു സ്മാരകം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അന്യം നിന്നുപോയ തീർത്ഥാടനകേന്ദ്രങ്ങളും ചരിത്ര പൈതൃക സ്ഥലങ്ങളും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം നടത്തുന്ന പ്രത്യേക ക്യാമ്പയിന്റെ ഭാഗമായാണ് നാണയങ്ങൾ കണ്ടെത്തുന്നത്. ഗുരു അമർപതിയുടെ സ്മാരകം കണ്ടെത്തിയതും ഇങ്ങനെയാണ്.
മേഖല സത്യയുഗ കാലഘട്ടത്തിലെ പുരാതന തീർത്ഥാടന നഗരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ പരിശോധനകളിൽ അമർപതി ഖേഡ ഗ്രാമത്തിലേക്കുള്ള ഒരു പഴയ പാതയും കണ്ടെത്തിയിട്ടുണ്ട്.















