ലിജു തോമസ് സംവിധാനം ചെയ്ത് അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തിയ ചിത്രം അൻപോട് കൺമണിയെ നെഞ്ചേറ്റി പ്രേക്ഷകർ. ഹൃദയസ്പർശിയായ കഥ പറയുന്ന സിനിമയാണ് അൻപോട് കൺമണി എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നത്.
“ഒരു ലാഗും ഇല്ലാത്ത മുഴുനീള എന്റർടൈൻമെന്റ് സിനിമയാണ് അൻപോട് കൺമണി. വലിച്ച് നീട്ടാതെ കഥ സിംപിളായി അവതരിപ്പിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നല്ലൊരു സന്ദേശമാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. ചില രംഗങ്ങളൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും. അധികം പ്രമോഷൻസൊന്നും ഇല്ലാതെ വന്ന സിനിമയാണ്. പ്രതീക്ഷിച്ചത് പോലെയല്ല, ഇമോഷൻസിന്റെ വെറൊരു തലത്തിലേക്കാണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത്. അർജുൻ അശോകന്റെ പ്രകടനത്തെ കുറിച്ച് പറയാൻ വാക്കുകളില്ല”.
“ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ നടക്കുന്ന കഥയാണ്. കല്യാണം കഴിഞ്ഞവർക്ക് ഒരു ഓർമപ്പെടുത്തലും കല്യാണം കഴിയാത്തവർക്കൊരു സന്ദേശവുമാണ് അൻപോട് കൺമണി. കുടുംബത്തോടൊപ്പം കാണാൻ പറ്റിയൊരു സൂപ്പർ സിനിമ. അടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ. കണ്ണ് നിറയ്‌ക്കുന്ന ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്”.
ഒരു നാട്ടിൻപുറത്ത് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രം പറയുന്നത്. മലയാളികളുടെ സ്വന്തം കൺമണിയായി അൻപോട് കൺമണി മാറും. ഓരോ ഫ്രെയിമും അത്രയധികം മനോഹരമായാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം ഗംഭീരമായിരുന്നു. ആദ്യം മുതൽ അവസാനം വരെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.
എല്ലാവരുടെയും പ്രതികരണം കണ്ട് ഒരുപാട് സന്തോഷമുണ്ടെന്ന് അൻപോട് കൺമണിയിലെ നായിക അനഘ നാരായണൻ പ്രതികരിച്ചു. പ്രേക്ഷകർക്ക് സിനിമ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടെന്നും തിയേറ്ററിലെ കയ്യടി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും മാല പാർവതി പറഞ്ഞു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് മാല പാർവതി അവതരിപ്പിക്കുന്നത്.















