തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ – പ്രതിപക്ഷ സർവ്വീസ് സംഘടനകൾ ഒറ്റക്കെട്ടായി അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണൻ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുമ്പോൾ സംസ്ഥാന ജീവനക്കാർക്ക് മാത്രം അർഹമായവ നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ എൻജിഒ സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മ്യൂസിയം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണവും നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും ക്ഷാമബത്ത കുടിശ്ശികയും, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക, ലീവ് സറണ്ടർ എന്നിവ വർഷങ്ങളായി തടഞ്ഞു വയ്‌ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും ഒളിച്ചോടിയ ഇടതുമുന്നണി സർക്കാർ വഞ്ചനാപരമായ നിലപാടാണ് തുടർന്നു വരുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണ – പ്രതിപക്ഷ സംഘടനകൾ യോജിച്ച അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണം. നിലവിലുണ്ടായിരുന്ന മുഴുവൻ അവകാശങ്ങളും, ആനുകൂല്യങ്ങളും കവർന്നെടുത്ത് കേരളത്തിലെ സർവീസ് മേഖലയെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇടതുമുന്നണി സർക്കാർ.
ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ കേരള എൻ.ജി.ഒ. സംഘ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ നടത്തിയ സൂചനാ പണിമുടക്കിനെ ഭരണ സ്വാധീനം ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കാൻ മുൻപന്തിയിൽ നിന്ന ഭരണാനുകൂല സംഘടനയ്‌ക്ക് ഇപ്പോൾ പണിമുടക്ക് നടത്തേണ്ടി വന്നത് സ്വന്തം സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് പ്രസിഡന്റ് റ്റി. ഐ. അജയകുമാർ, എൻ.റ്റി.യു. സംസ്ഥാന സെക്രട്ടറി അരുൺകുമാർ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, ഗവൺമെന്റ് പ്രസ് വർക്കേഴ്‌സ് സംഘ് ജനറൽ സെക്രട്ടറി സി. കെ. ജയപ്രസാദ്, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത് നന്ദിയും പറഞ്ഞു.