മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ പരാതികളിൽ വാസ്തവമുണ്ടെന്ന് തുറന്നു സമ്മതിച്ച് മന്ത്രി ഒ.ആർ കേളു. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിന്നും മാറ്റാൻ കഴിഞ്ഞിരുന്നില്ല. ജനങ്ങളെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തിയ മന്ത്രിക്ക് പക്ഷെ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് ഫെൻസിങ് സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ വീഴ്ച വന്നതായി മന്ത്രി തുറന്നു സമ്മതിച്ചത്.
തുക അനുവദിച്ചിട്ട് നാളുകളായെന്ന് മന്ത്രി പറഞ്ഞു. ഒന്നും ചെയ്യാനായിട്ടില്ല. വന്യമൃഗശല്യമുള്ള മേഖലകളിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പു കൊടുക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് സാധിക്കില്ലെന്നും മന്ത്രിക്ക് തുറന്നു പറയേണ്ടി വന്നു. ആർആർടി സംഘത്തെ ഉപയോഗിച്ച് പരാമവധി സംരക്ഷണം ഉറപ്പാക്കുമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. സ്ഥലത്ത് വീണ്ടും കടുവയുടെ സാന്നിദ്ധ്യമുണ്ടാകാമെന്നും തോട്ടങ്ങളിൽ ജോലിക്ക് പോകുന്നവരുടെ ജീവൻ ആശങ്കയിലാണെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആർആർടി സംഘത്തെ നിയോഗിക്കാൻ തീരുമാനമായത്.
35 ലക്ഷം രൂപ പാസായിട്ട് ഒരു സ്റ്റെപ്പ് പോലും നീക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് ആയിരുന്നു ഒരാളുടെ ചോദ്യം. അതിന് ആരാ മറുപടി പറയേണ്ടതെന്നും അതിനെ ഗൗരവത്തോടെ കാണൂ സാറേയെന്നും ആളുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഒരാഴ്ച മുൻപും നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയിരുന്നു. മൃഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിൽ വനത്തോട് ചേർന്ന മേഖലയിൽ അടിക്കാട് വെട്ടി തീയിട്ട് അതിര് തിരിക്കുന്ന നടപടികൾ ചെയ്യാറുണ്ട്. മൃഗങ്ങൾ കാടിനുള്ളിൽ പതുങ്ങിയിരിപ്പില്ലെന്ന് മനുഷ്യർക്ക് ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പക്ഷെ ഇത്തവണ ഇതൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മാനന്തവാടി ഡിഎഫ്ഒ ഓഫീസിൽ വിളിച്ച മീറ്റിങ്ങിലും ഇത് അപകടമേഖലയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഒരു നാട്ടുകാരൻ പറഞ്ഞു.















