ടെഹ്‌റാൻ: സെമിത്തേരിയിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പൊലീസ്. മതവിശ്വാസമനുസരിച്ചുള്ള രാജ്യത്തിന്റെ കർശന വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനാണ് അറസ്റ്റ്. ടെഹ്റാനിലെ രക്തസാക്ഷികളുടെ സെമിത്തേരിയിലാണ് യുവതികൾ നൃത്ത വീഡിയോ ചിത്രീകരിച്ചത്.
യുവതികൾ വിശുദ്ധ സ്ഥലത്തെ കളങ്കപ്പെടുത്തിയെന്നും അനുചിതമായ വസ്ത്രധാരണവും നൃത്തവും ഇസ്ലാം ആചാരത്തിനും ശരീയത്തിനും ചേർന്നതല്ലെന്നുമാണ് പോലിസിന്റെ പ്രസ്താവന. സംഭവം രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നും മതവിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഇറാനിൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഏർപ്പെടുത്തിയ നിയമങ്ങൾ പ്രകാരം സ്ത്രീകൾ മുടിയും കഴുത്തും മറയ്‌ക്കുകയും പൊതുസ്ഥലത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും വേണം. പൊതുസ്ഥലങ്ങളിൽ നൃത്തം ചെയ്യാനും സ്ത്രീകൾക്ക് അനുവാദമില്ല. എന്നാൽ അടുത്തിടെയായി പല സ്ത്രീകളും തങ്ങളുടെ ശിരോവസ്ത്രം ഉപേക്ഷിക്കുന്നതുൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നു. 2022 സെപ്റ്റംബറിൽ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് പ്രതിഷേധം പൊട്ടിപുറപ്പെട്ടത് മുതൽ ഈ പ്രവണത പ്രകടമാണ്.















