ന്യൂഡൽഹി: നാവികസേനയ്‌ക്കായി 70,000 കോടിയോളം രൂപ ചെലവ് വരുന്ന അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. ജർമൻ കമ്പനിയുമായി കൈകോർത്താകും ഭാരതം പദ്ധതി പൂർത്തീകരിക്കുക. പ്രതിരോധവകുപ്പിന് കീഴിലുള്ള കപ്പൽ നിർമാണ സ്ഥാപനമായ മസഗോൺ ഡോക് ഷിപ്പ്‌ബിൽഡേഴ്സ് ലിമിറ്റഡ് (MDL), ജർമൻ കമ്പനിയായ തൈസെൻ ക്രൂപ്പ് മറൈൻ സിസ്റ്റംസുമായി (TKMS) ചേർന്ന് ടെൻഡർ സമർപ്പിച്ചു. 70,000 കോടി രൂപയുടേതാണ് പദ്ധതി.
കഴിഞ്ഞ വർഷം നാവികസേന നടത്തിയ പരിശോധനയിൽ ജർമൻ അന്തർവാഹിനി കടലിൽ പൂർണമായും പ്രവർത്തിക്കുന്ന എയർ ഇൻഡിപ്പെന്റൻ്റ് പ്രൊപ്പൽഷൻ (AIP) പ്രദർശിപ്പിച്ചിരുന്നു. ഡീസൽ-വൈദ്യുത അന്തർവാഹിനിക്ക് രണ്ടാഴ്ചയോളം വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷി എഐപി നൽകുന്നു. കരയിൽ നിന്നും കടലിൽ നിന്നും ഒരുപോലെ ആക്രമണത്തിന് കഴിയുന്ന മിസൈലുകളും പ്രൊപ്പൽഷനുകളും ഉൾക്കൊള്ളുന്ന കരുത്തുറ്റ അന്തർവാഹിനികൾ വാങ്ങുന്നത് പ്രൊജക്ട്-75 ഇന്ത്യ പദ്ധതിക്ക് കീഴിലാണ്.
ഏഴ് വർഷത്തിനകം ആദ്യത്തെ അന്തർവാഹിനി ലഭിക്കും. ആറ് അന്തർവാഹിനികൾ നിർമിക്കുമെന്നാണ് റിപ്പോർട്ട്. 38,000 കോടി ചെലവിൽ മൂന്ന് സ്‌കോർപ്പീൻ അന്തർവാഹിനികൾകൂടി നിർമിക്കാൻ എംഡിഎൽ തയ്യാറെടുക്കുന്നുണ്ട്. എൽ ആൻഡ് ടി കമ്പനി, സ്പാനിഷ് കപ്പൽ നിർമാണ കമ്പനിയായ നവാൻ്റിയയുമായി ചേർന്ന് അന്തർവാഹിനി കരാറിന് ശ്രമിച്ചെങ്കിലും അംഗീകാരമായില്ല. ടെൻഡറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കത്തതാണ് കാരണം.
23,000 കോടി രൂപ ചെലവിൽ നിർമിച്ച എഐപിയില്ലാത്ത ആറ് സ്‌കോർപ്പീൻ- കൽവാരി ക്ലാസ് അന്തർവാഹിനിക്കൊപ്പം പുതിയതും കൂടി എത്തുന്നതോടെ നാവികസേനയുടെ കരുത്തേറുമെന്ന് തീർച്ച. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതി പദ്ധതിക്ക് അംഗീകാരം നൽകും.















