വയനാട്: ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് ദിവസം തുടർച്ചയായി എംഎൽഎയെ ചോദ്യം ചെയ്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഐ. സി ബാലകൃഷ്ണന്റെ വീട്ടിലടക്കം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് എംഎൽഎ. ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എൻ.എം വിജയന്റെ കത്തുകളിലെ പരാമർശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. സുൽത്താൻ ബത്തേരി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎൽഎയെ ചോദ്യം ചെയ്തത്. കേസിൽ രണ്ട് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കെപിസിസി പ്രസിഡന്‍റിനായി എഴുതിയ കത്തില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ചും എൻഎം വിജയൻ പരാമർശിച്ചിരുന്നു. ഏതൊക്കെ സാമ്പത്തിക ഇടപാടുകളാണ് തനിക്ക് ബാധ്യതയുണ്ടാക്കിയതെന്ന് വിശദീകരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പേരും കുറിച്ചിരുന്നത്. എന്നാൽ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐസി ബാലകൃഷ്ണൻ ഇന്നലെ അന്വേഷണസംഘത്തിന് നല്‍കിയത്. ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു.















