ഗാസ: ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന്റെ ആറാം ദിനം നാല് ഇസ്രേയൽ വനിതാ സൈനികരെ വിട്ടയ്‌ക്കുമെന്ന് ഹമാസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെ മോചിപ്പിക്കുമെന്നാണ് വിവരം. വിട്ടയ്‌ക്കുന്ന ഓരോ വനിത സൈനികർക്കും പകരമായി 50 പേരെയാകും ഇസ്രായേൽ മോചിപ്പിക്കുക.
ജയിലുകളിൽ കഴിയുന്ന 200 പേരെയാകും ഇസ്രായേൽ ഇന്ന് വിട്ടയക്കുക. സമാധാന കരാർ പ്രാബല്യത്തിൽ വന്ന ആദ്യ ദിനത്തിൽ മൂന്ന് ഇസ്രായേലി വനിതകളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിന് പകരമായി 90 പാലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. ഒരു പതിറ്റാണ്ടിലേറെയായി കാണാതായ ഇസ്രായേൽ സൈനികന്റെ മൃതദേഹവും അന്നേ ദിവസം കണ്ടെടുത്തിരുന്നു.
ഹമാസ് വിട്ടയച്ചവരുടെ പക്കൽ ’ഗിഫ്റ്റ് ബാഗ് ‘ എന്ന പേരിലൊരു ബാഗ് നൽകിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ബന്ദിക്കളാക്കപ്പെട്ട സമയത്തുള്ള ചിത്രങ്ങളും ഗാസയുടെ ചിത്രവും സർട്ടിഫിക്കറ്റും അടങ്ങുന്ന ബാഗാണ് ഓരോരുത്തർക്കും നൽകിയത്. മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുന്ന ഹമാസിന്റെ നീച പ്രവൃത്തിയെന്നാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉപയോക്താക്കൾ പ്രതികരിച്ചത്.















