ന്യൂഡൽഹി: ഇന്തോനേഷ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും തന്ത്രപരമായ പങ്കാളിത്തെ കുറിച്ചും വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദീർഘമായ സൗഹൃദത്തെ കുറിച്ചും സഹകരണത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമർശം.
ലോകത്തിലെ മറ്റ് പല രാജ്യങ്ങളും അംഗീകരിക്കുന്നതിന് മുൻപ് തന്നെ തങ്ങളെ അംഗീകരിച്ചത് ഇന്ത്യൻ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സംഭാവന ചെയ്ത മണ്ണിലാണ് റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ബഹുമതിയായി കരുതുന്നു. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റായിരുന്ന സുഖർനോ ആയിരുന്നു മുഖ്യതിഥി. 75 വർഷം പൂർത്തിയാക്കുന്ന ഈ ചരിത്രദിനത്തിൽ തന്നെ ക്ഷണിച്ചത് ഇന്തോനേഷ്യക്കാർക്ക് തന്നെ ലഭിക്കുന്ന ബഹുമതിയാണെന്നും പ്രബോവോ സുബിയാന്തോ പറഞ്ഞു.
ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യസമരത്തിൽ രാജ്യത്തെ പിന്തുണച്ചവരിൽ ആദ്യത്തെ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. സാമ്പത്തിക സഹായവും മരുന്നും മറ്റ് സഹായങ്ങളുമെത്തിച്ചു. പ്രതിസന്ധി നിറഞ്ഞ സമയത്ത് പിന്തുണയേകിയത് ഇന്ത്യൻ നേതാക്കളായിരുന്നുവെന്നും അദ്ദേഹം ചരിത്രം ഓർമിച്ച് പറഞ്ഞു. 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതത്തിന് ആശംസകളും അദ്ദേഹം നേർന്നു. ചരിത്രത്തിലാദ്യമായാണ് ഇന്തോനേഷ്യൻ സൈന്യം രാജ്യത്തിന് പുറത്തൊരു സൈനിക പരേഡിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 190 പേരടങ്ങുന്ന മിലിറ്ററി ബാൻഡും 152 പേരടങ്ങുന്ന മാർച്ചിംഗ് സംഘവുമാകും കർത്തവ്യപഥിൽ മാർച്ച് ചെയ്യുക.