മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. പ്രദേശവാസിയായ നൗഫലിന്റെ വീടിന് സമീപത്തായാണ് ഇത്തവണ കടുവയെ കണ്ടത്. നൗഫലിന്റെ ഭാര്യ അയയിൽ നിന്ന് തുണിയെടുക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കടുവയെ കണ്ടത്. കാട്ടിലേക്ക് നീങ്ങുമ്പോഴാണ് ഇവരുടെ ശ്രദ്ധയിൽ പെട്ടത്.
നരഭോജി കടുവയെ പിടികൂടി കൊല്ലണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് ഒരു കിലോമീറ്റർ അടുത്താണ് കടുവയെ കണ്ടത്.
കടുവ പ്രദേശത്ത് തന്നെയുണ്ടെന്ന് വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സ്ഥലത്ത് നിന്ന് ഒഴിയാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടിന് പുറത്തേക്ക് ആരും ഇറങ്ങരുത്. കർഫ്യു നിർബന്ധമായും പാലിക്കണം. നിരീക്ഷണ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഇരുട്ട് വീഴുന്നത് ദൗത്യത്തിന് തടസമാകും.