ന്യൂഡൽഹി: അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. 1947 ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ. ആ മനോഭാവം മാറ്റുന്നതിനുള്ള സംഘടിത ശ്രമങ്ങൾക്കാണ് നാം ഈയിടെയായി സാക്ഷ്യം വഹിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
അധിനിവേശ അവശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയതാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമതത്വസംഹിതാ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ, ശിക്ഷയ്‌ക്കു പകരം നീതി നടപ്പാക്കലിനെയാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമങ്ങൾ മുൻഗണന നൽകുന്നുണ്ടെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
കാഴ്ചപ്പാടെന്ന ധീരതയാണ് ഇത്രയും വലിയ പരിഷ്‌കാരങ്ങൾക്ക് ആവശ്യമായതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പു സമയക്രമം സമന്വയിപ്പിക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. സദ്ഭരണത്തിന്റെ നിബന്ധനകൾ പുനർനിർവചിക്കുന്ന മറ്റൊരു നടപടിയാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. ഭരണത്തിൽ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, നയപരമായ സ്തംഭനം തടയാനും, സാമ്പത്തിക ഭാരം കുറയ്‌ക്കാനും ഇത് വഴിയൊരുക്കും.
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത് നമ്മുടെ യുവതലമുറയാണ്. യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസം നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്.
പഠന നിലവാരം, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സ്വീകാര്യത എന്നിവയുടെ കാര്യത്തിൽ കഴിഞ്ഞ ദശകത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസമേഖലയിലെ സർക്കാരിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ അദ്ധ്യാപകവൃത്തി ഏറ്റെടുത്തവരിൽ 60 ശതമാനത്തിലധികവും വനിതകളാണെന്നും, ഈ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നത് അവരാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
കോർപ്പറേറ്റ് മേഖലയിൽ യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും രാഷ്‌ട്രപതി എടുത്തു പറഞ്ഞു. വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തോടെ, നൂതന ഗവേഷണമേഖലയിലെ സംരംഭങ്ങളിൽ നമ്മുടെ പങ്കാളിത്തം അതിവേഗം മെച്ചപ്പെടുകയാണ്.
സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മേഖലകളിൽ ഊർജ്ജസ്വലവും നൂതനവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് നാഷണൽ ക്വാണ്ടം മിഷനിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാഷണൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ ഫിസിക്കൽ സിസ്റ്റം, ഇന്ത്യൻ ശാസ്ത്ര ചരിത്രത്തിലെ നിർണ്ണായക നിമിഷവും പ്രപഞ്ച പര്യവേക്ഷണത്തിലെ ആവേശകരമായ ഒരു സംരംഭവുമായ ജീനോം ഇന്ത്യ പ്രോജക്റ്റിനെക്കുറിച്ചും രാഷ്‌ട്രപതി പരാമർശിച്ചു.
രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്കും അതിർത്തികൾക്കുള്ളിൽ ജനങ്ങളെ സുരക്ഷിതരായി കാത്തു സൂക്ഷിക്കുന്ന പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് രാഷ്‌ട്രപതി അഭിസംബോധന പൂർത്തിയാക്കിയത്.