ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ കർത്തവ്യ പഥിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവാർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ദേശീയ പ്രാധാന്യമുള്ള പരിപാടികളിൽ ജനപങ്കാളിത്തം (ജാൻ ഭാഗീദാരി) വർദ്ധിപ്പിക്കുക എന്ന കേന്ദ്രസർക്കർ ലക്ഷ്യത്തിന് അനുസൃതമായി രാജ്യത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന 10,000 അതിഥികളെയാണ് ചടങ്ങിൽ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ‘സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്’ എന്ന വിഷയം പ്രമേയമാക്കി 31 ടാബ്ലോകൾ കർത്തവ്യ പഥിൽ അവതരിപ്പിക്കും.
‘സശക്ത് ഔർ സുരക്ഷിത് ഭാരത്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മൂന്ന് സായുധസേനകളുടെയും സംയുക്ത ടാബ്ലോയും പ്രദർശിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാദ്യോപകരണങ്ങളുമായി 300 സാംസ്കാരിക കലാകാരന്മാർ ‘സാരെ ജഹാൻ സേ അച്ഛാ’ വായിച്ച് പരേഡിന് അഭിവാദ്യം നൽകും. ഷെഹ്നായി, നാദസ്വരം, ബീൻ, മഷക് ബീ, രൺസിംഗ , പുല്ലാങ്കുഴൽ, കരടി മജലു, മോഹുരി, ശംഖ, തുതാരി, ധോൽ, ഗോങ്, നിഷാൻ, ചാങ്, താഷ, സാമ്പൽ, ചെണ്ട, ഇടക്ക, ലെസിം എന്നീ തനത് വാദ്യോപകരണങ്ങൾ ഇതിൽ പെടുന്നു.
152 അംഗങ്ങൾ അടങ്ങുന്ന ഇന്തോനേഷ്യൻ ദേശീയ സായുധ സേനയുടെ ഒരു മാർച്ചിംഗ് സംഘവും 190 അംഗങ്ങളുള്ള ഇന്തോനേഷ്യയുടെ മിലിട്ടറി അക്കാദമിയുടെ ഒരു ബാൻഡും പരേഡിൽ പങ്കെടുക്കും. നാരി ശക്തിയെ പ്രതിനിധീകരിച്ച് മൂന്ന് സേനയുടെയും വനിതാ ഓഫീസർമാർ പരേഡിൽ പങ്കെടുക്കും. കൂടാതെ കരസേനാ, നാവിക സേന, വ്യോമസേന, ഇന്ത്യൻ തീരസംരക്ഷണ സേന, ഡിആർഡിഒ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, അസം റൈഫിൾസ്, ബിഎസ്എഫ്, കോർപസ് ഓഫ് സിഗ്നൽസ്, എൻസിസി തുടങ്ങി രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന വിവിധ സേനകളുടെ പരേഡ് നടക്കും.