മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി റാപ്പിഡ് റെസ്പോൺസ് ടീം അംഗം ജയസൂര്യയെ ആശുപത്രിയിലെത്തിച്ചു. നരഭോജി കടുവയെ തേടി താറാട്ട് ഉൾക്കാട്ടിൽ പോയപ്പോഴാണ് ജയസൂര്യക്ക് പരിക്കേറ്റത്. കൈയ്‌ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയസൂര്യയെ മാനന്തവാടി ആശുപത്രിയിലെത്തിച്ചു. കടുവ ആക്രമിച്ചപ്പോൾ ഷീൽഡ് ഉപയോഗിച്ച് തടയുകയായിരുന്നു. എട്ട് പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. കടുവയുടെ കാൽപ്പാടുകൾ, കിടന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തെരച്ചിലിനായി പോയസംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മക്കിമല സ്വദേശിയാണ് പരിക്കേറ്റ ജയസൂര്യ.
കടുവ മേഖലയിലുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ആറ് സംഘം പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.