ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്ര താളുകളിൽ ജനുവരി 27 എഴുതി ചേർക്കുക ഇനി ഉത്തരാഖണ്ഡിന്റെ നാമത്തിൽ. ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി നാളെ ഉത്തരാഖണ്ഡ് മാറും. നാളെ ഉച്ചയ്‌ക്ക് 12.30 ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡ് സംസ്ഥാനം രജതജൂബിലിയിൽ നിൽക്കുമ്പോഴാണ് യുസിസിയും നടപ്പാക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 7നാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യുസിസി.യുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനവും സൗകര്യങ്ങളും നൽകിയിട്ടുണ്ട്.. സാധാരണക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈനായി രജിസ്ട്രേഷനും അപ്പീലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പോർട്ടലും മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. റിട്ട. സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയാണ് നിയമത്തിന്റെ കരട് തയ്യാറാക്കിയത്.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ സുപ്രധാന വാഗ്ദാനമായിരുന്നു യുസിസി . വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ മതം പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ഉറപ്പാക്കുന്നതാണ് ഏകീകൃത സിവിൽ നിയമത്തിന്റെ ലക്ഷ്യം. കൂടാതെ മുത്തലാഖ് പോലുള്ള അനീതികൾക്ക് തടയിട്ട് ലിംഗഭേദമില്ലാതെ തുല്യനീതി ഉറപ്പുവരുത്തുകയും ചെയ്യും.
ഇനിമുതൽ നടക്കുന്ന എല്ലാ വിവാഹങ്ങളുടെ രജിസ്‌ട്രേഷൻ 60 ദിവസങ്ങൾക്കുളളിൽ പൂർത്തിയാക്കണം. 2010 മാർച്ച് 26 മുതൽ നടന്ന വിവാഹങ്ങളും പുതിയ നിയമം അനുസരിച്ച് ആറ് മാസത്തിനുളളിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. ലൈവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ജനിച്ച സാഹചര്യം പരിഗണിക്കാതെ എല്ലാ കുട്ടികളെയും നിയമാനുസൃതമായി പരിഗണിച്ചുകൊണ്ട് ലിംഗസമത്വവും നിയമം ഉറപ്പാക്കുന്നു.