അതിവേഗ പേസർമാർക്ക് മുന്നിൽ സഞ്ജു സാംസണിന്റെ മുട്ടിടിക്കുകയാണെന്ന് മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പേസും ബൗൺസുമുള്ള പിച്ചിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ സഞ്ജു പുറത്താകുന്നുവെന്നും ചോപ്ര വിമർശിച്ചു. അതിവേഗമുള്ള ഷോട്ട് ബോളുകളിൽ സഞ്ജുവിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും ചോപ്ര തുറന്നടിക്കുന്നു. അദ്യ രണ്ടു മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല.
അഭിഷേക് ശർമ പെട്ടെന്ന് ഔട്ടായി. അവൻ ആദ്യ മത്സരത്തിൽ നന്നായി കളിച്ചു. തത്കാലം അവനെക്കുറിച്ച് ഒന്നും പറയേണ്ട. സഞ്ജുവിന്റെ കാര്യമെടുത്താൽ 140ന് മുകളിൽ വരുന്ന പന്തുകളിൽ അവൻ നന്നായി വെള്ളം കുടിക്കുന്നു. അവന്റെ പ്രകടനം ശരാശരി മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പേസും വേഗവുമുള്ള പന്തുകളിൽ റൺസ് കണ്ടെത്താനാവുന്നില്ലെന്ന് മാത്രമല്ല. പെട്ടെന്ന് പുറത്തുമാകുന്നു. സ്ട്രൈക് റേറ്റ് ദയനീയം.
അവൻ ക്രീസിൽ കൂടുതൽ കയറിയും സ്ക്വയർ ലെഗിലേക്ക് തിരിഞ്ഞുമാണ് നിൽക്കുന്നത്. ബൗളർമാർ അതിവേഗ ബൗൺസറുകളെറിഞ്ഞ് ഡീപ്പിൽ ഒരു ഫീൾഡറെയും നിർത്തി അവന് കെണിയൊരുക്കുന്നുണ്ട്. രണ്ടുമത്സരത്തിലും ഏകദേശം സമാന രീതിയിലാണ് അവൻ പുറത്തായത്— ചോപ്ര പറഞ്ഞു.















